ബംഗാളിൽ ഇടിമിന്നലേറ്റ് ആറുപേർ കൊല്ലപ്പെട്ടു
Tuesday, May 7, 2024 4:36 AM IST
കോൽക്കത്ത: തെക്കൻ ബംഗാളിൽ ഇടിമിന്നലേറ്റ് ആറുപേർ മരിച്ചു. നാദിയ, പുരുലിയ, പുർബ ബർധമാൻ ജില്ലകൾ ഉൾപ്പെടെ ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളിലായി ദമ്പതികൾ ഉൾപ്പെടെ ആറ് പേർ മരിച്ചതായി ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കനത്ത മഴ ഈസ്റ്റേൺ റെയിൽവേയുടെ സീൽദാ ഡിവിഷനിലെ സീൽദാ-കാനിംഗ് ലൈനിലെ സബർബൻ ട്രെയിൻ സർവീസുകളെ ഒരു മണിക്കൂറിലേറെ ബാധിച്ചു. മോശം കാലാവസ്ഥ കാരണം മറ്റ് സ്ഥലങ്ങളിൽ നിന്ന് കോൽക്കത്തയിലേക്കുള്ള ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വൃത്തങ്ങൾ അറിയിച്ചു.
കോൽക്കത്തയിൽ നിന്നും റാഞ്ചിയിലേക്ക് പുറപ്പടേണ്ടിയിരുന്ന വിമാനം ഇടിമിന്നലിനെ തുടർന്ന് യാത്ര നടത്താനായില്ല. മെയ് 10 വരെ മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ച മുതൽ തെക്കൻ ബംഗാളിലെ പല ജില്ലകളിലും ശക്തമായ കാറ്റിനൊപ്പം കനത്ത മഴ അനുഭവപ്പെട്ടു. ഇതേതുടർന്ന് താപനില ഗണ്യമായി കുറഞ്ഞു. തെക്കൻ ജാർഖണ്ഡിലെ ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ശക്തമായ ഈർപ്പം കടന്നുകയറ്റവും പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടിയ കൊടുങ്കാറ്റിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.