തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംലംഘിച്ചെന്ന പരാതി; മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം നൽകി
Friday, April 5, 2024 6:07 PM IST
കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ ജില്ലാ കളക്ടർക്ക് മന്ത്രി വിശദീകരണം നൽകി. കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി.
കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നൽകിയത്. പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.