കള്ള് ഷാപ്പുകളിൽ വിജിലൻസ് പരിശോധന; കള്ളിന്റെ അളവിൽ ക്രമക്കേട് കണ്ടെത്തി
Wednesday, April 3, 2024 1:29 AM IST
ആലപ്പുഴ: ആലപ്പുഴയിലെ കള്ള് ഷാപ്പുകളിൽ അളവിൽ കൂടുതൽ കള്ള് ശേഖരിച്ചതായി കണ്ടെത്തി. വിജിലൻസ് വിവിധ ഷാപ്പുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ചെത്തുകാരിൽ നിന്ന് സംഭരിക്കുന്നതിനേക്കാൾ കൂടുതൽ കള്ള് ചിലയിടങ്ങളിൽ വില്പന നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തി.
ചേർത്തല വയലാറിലുള്ള പാഞ്ചാലി ഷാപ്പ്, കുട്ടനാട് പുൽപ്പള്ളിയിലുള്ള ആറ്റുമുഖം ഷാപ്പ്, മാവേലിക്കരിലുള്ള മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂരിലുള്ള കിളിയന്തറ ഷാപ്പ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
അതേസമയം, കുട്ടനാട്ടിലെ ആറ്റുമുഖം ഷാപ്പ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.