യുപിയിൽ ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്
Sunday, March 31, 2024 1:04 PM IST
ലക്നോ: ഉത്തർപ്രദേശിൽ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന്റെ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ കല്ലേറ്. മുസാഫർനഗർ ജില്ലയിലെ ഖതൗലി മേഖലയിലാണ് സംഭവം.
കല്ലേറിൽ ജനലുകൾ തകരുകയും കാറുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. സംഭവസമയം തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ബല്യാൻ.
ശനിയാഴ്ച രാത്രി മദ്കരിംപൂർ ഗ്രാമത്തിൽ ബല്യന്റെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെ ചിലർ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സത്യനാരായണ പ്രജാപത് പറഞ്ഞു.
അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്നും ഗ്രാമത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രജാപത് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സുധീർ സൈനി സംഭവത്തെ അപലപിക്കുകയും അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുസാഫർനഗർ പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ് ബല്യാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.