വയോധികയെ ക്രൂരമായി മർദിച്ച കൊച്ചുമകനും ഭാര്യയും അറസ്റ്റിൽ
Thursday, March 28, 2024 1:40 AM IST
ഭോപ്പാൽ: ഇഷ്ടട്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകാത്തതിന് വയോധികയെ മർദിച്ച കൊച്ചുമകനും ഭാര്യയും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലെ ജഹാംഗീരാബാദിലാണ് സംഭവം. അയൽവാസി പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിധവയായ ഇവരെ ബന്ധുക്കൾ ക്രൂരമായി മർദിച്ചിരുന്നുവെന്നും പലദിവസങ്ങളിലും വീട്ടിൽ നിന്നും കരച്ചിൽ കേട്ടിരുന്നുവെന്നും അയൽവാസികൾ പോലീസിനോടു പറഞ്ഞു. വയോധിക നിലത്തിരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന കൊച്ചുമകനും കട്ടിലിന്റെ അരികിൽ ഇരിക്കുന്ന കൊച്ചുമകന്റെ ഭാര്യയും ഇവരെ ശകാരിക്കുന്നതും പിന്നാലെ വയോധികയുടെ കൈ വളച്ചൊടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
വേദനയെ തുടർന്ന് വയോധിക നിലവിളിക്കുമ്പോൾ, കൊച്ചുമകൻ ഇവരെ മടിയിൽ കിടത്തി വായ പൊത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ കൊച്ചുമകന്റെ ഭാര്യ വടികൊണ്ട് ഇവരെ അടിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീടും ഇവർ മർദനം തുടർന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നഗരം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.