തെരഞ്ഞെടുപ്പ് ചട്ടലംഘനം; ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു
Monday, March 25, 2024 4:56 PM IST
കൊച്ചി : തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയിൽ കിഴക്കന്പലത്ത് ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു. എൺപതു ശതമാനം വിലക്കുറവുമായി ആരംഭിച്ച മെഡിക്കല്‍ സ്റ്റോറാണ് ജില്ലാ കളക്ടർ ഇടപെട്ട് പൂട്ടിച്ചത്.
വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിതിനെ തുടർന്നാണ് നടപടിയെന്ന് കളക്ടർ അറിയിച്ചു.
കഴിഞ്ഞ 21ന് സാബു എം. ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് മാർച്ച് 16നു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
മാർച്ച് 21നാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. പരാതിയെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ ഇരുഭാഗത്തിന്റെയും വിശദീകരണം കേട്ടിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പരിശോധിച്ചശേഷമാണ് കളക്ടർ നടപടിയെടുത്തത്.
ട്വന്റി ട്വന്റി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കല്‍ സ്റ്റോർ ആരംഭിച്ചതെന്ന് കളക്ടർ കണ്ടെത്തിയിരുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിക്കാനും ഉത്തരവിട്ടു.