കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും; മൂന്ന് മണ്ഡലങ്ങളിൽ കൺഫ്യൂഷൻ
Monday, March 4, 2024 3:30 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച ചർച്ചകൾക്കായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിലെത്തി.
കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ തയാറാക്കിയ സാധ്യത പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ചർച്ചകളിൽ ഇന്ന് സുധാകരനെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സിറ്റിംഗ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്നാണ് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിച്ചത്. അതേസമയം രണ്ടു സിറ്റിംഗ് സീറ്റുകളിൽ ഉള്‍പ്പെടെ മൂന്നിടത്ത് ധാരണയിലെത്താത്തതിനാൽ അവിടെ മൂന്നംഗ പാനല്‍ രൂപീകരിച്ചാണ് പട്ടിക ഹൈക്കമാന്‍ഡിന് നല്‍കുന്നത്.
കെ. സുധാകരന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സാധ്യതാ പട്ടിക കൈമാറി. കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് ഇനിയും ധാരണയിലെത്താൻ സാധിക്കാത്തത്. കണ്ണൂരിൽ മത്സരത്തിനില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്നും അറിയിച്ചിരുന്നു.