ആഭ്യന്തര മന്ത്രിയുടെ ആശങ്ക മരപ്പട്ടിയെക്കുറിച്ച്; പരിഹാസവുമായി വി. മുരളീധരൻ
Saturday, March 2, 2024 3:31 AM IST
തിരുവനന്തപുരം: ഇസ്തിരിയിട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രിയുടെ ആശങ്കയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു.
പൂക്കോട് കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. എസ്എഫ്ഐ നേതൃത്വം നല്കുന്ന ലഹരി മാഫിയയാണ് സിദ്ധാർഥനെ മർദിച്ച് കൊന്നത്. സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയായി എഴുതിത്തള്ളാൻ പോലീസ് കൂട്ടുനിന്നു.
പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. സിദ്ധാർഥ് വധക്കേസ് പ്രതികളെ ഏതു ‘മുടക്കോഴിമലയിലാണ്’ ഒളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ വെളിപ്പെടുത്തണം എന്നും മുരളീധരൻ പറഞ്ഞു.