ആദിവാസി യുവതിയെ സ്ട്രെക്ചറിൽ ചുമന്നുനടന്നത് ഒരു കിലോമീറ്റർ
Thursday, February 29, 2024 7:27 PM IST
പാലക്കാട്: റോഡ് സൗകര്യമില്ലാത്തതിനാൽ അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രെക്ചറിൽ ചുമക്കേണ്ടി വന്നത് ഒരു കിലോമീറ്ററോളം. ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കിയെയാണ് (48) വീടിനടുത്ത് ആംബുലൻസ് എത്താതിനാൽ ചുമക്കേണ്ടി വന്നത്.
കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലാതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി 108 ആംബുലൻസ് പോയെങ്കിലും വീടിനടുത്തേക്ക് ആംബുലൻസ് പോകുന്നതിന് റോഡ് സൗകര്യമില്ലായിരിന്നു.
ആംബുലൻസിൽ നിന്നും സ്ട്രെക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നഴ്സ് എബി എബ്രഹാം തോമസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.