പാർട്ടിക്കിടെ വഴക്ക്; വിദ്യാർഥിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി
Thursday, February 29, 2024 10:08 AM IST
ന്യൂഡൽഹി: നോയിഡയിൽ കാണാതായ വിദ്യാർഥിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് പോലീസ്. ബിസിനസുകാരന്റെ മകനും നോയിഡ ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർഥിയുമായ യാഷ് മിത്തൽ ആണ് കൊല്ലപ്പെട്ടത്.
കോളജ് ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച യാഷ് മിത്തലിനെ കാണാതായിരുന്നു. തുടർന്ന് യാഷിനെ വിട്ടു നൽകണമെങ്കിൽ ആറു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് ദീപത് മിത്തലിന് സന്ദേശം ലഭിച്ചു.
പോലീസ് ക്യാംപസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യാഷ് തിങ്കളാഴ്ച സർവകലാശാലയിൽ നിന്ന് പുറത്തുപോകുന്നത് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാഷ് സുഹൃത്ത് രചിതിന്റെ അടുക്കലേക്കാണ് പോയതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ രചിത്, ശിവം, സുശാന്ത്, ശുഭം എന്നിവരുമായി യാഷ് പലപ്പോഴും കറങ്ങാൻ പോകാറുണ്ടായിരുന്നുവെന്ന കണ്ടെത്തി.
ഫെബ്രുവരി 26ന് അവർ ഉത്തർപ്രദേശിലെ അംറോഹയിലെ ഗജ്റൗളയിലുള്ള ഒരു സ്ഥലത്തേക്ക് ഒരു പാർട്ടിക്കായി യാഷിനെ വിളിച്ചു. ഇവിടെ വച്ച് ഇവർ യാഷുമായി വഴക്കുണ്ടാകുകയും യാഷിനെ കൊലപ്പെടുത്തുകയും ചെയ്തു.
പ്രതികൾ മൃതദേഹം കുഴിച്ചിട്ടു. രചിത് സ്ഥലം തിരിച്ചറിഞ്ഞതിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തതെന്ന് മുതിർന്ന പോലീസ് ഓഫീസർ സാദ് മിയ ഖാൻ പറഞ്ഞു. മറ്റ് പ്രതികളെ ദാദ്രിയിൽ വച്ച് പോലീസ് കണ്ടെത്തി. ഇവർ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഏറ്റുമുട്ടലിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. മറ്റൊരു പ്രതി ശുഭം ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോചനദ്രവ്യ സന്ദേശങ്ങൾ പ്രതികൾ അയച്ചത്. കേസന്വേഷണത്തിനായി പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.