കൊലപാതക കേസുകളിലെ വിവേചനമെന്ത്; സർക്കാർ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ
Wednesday, January 31, 2024 7:41 PM IST
കൊച്ചി: കെ.എസ്. ഷാൻ, രഞ്ജിത് ശ്രീനിവാസൻ കൊലപാതകക്കേസുകളിലെ വിവേചനമെന്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ. ആലപ്പുഴയിൽ ആദ്യം നടന്ന കെ.എസ് ഷാൻ കൊലപാതക കേസിന്റെ നിയമനടപടികൾ ഇഴഞ്ഞു നീങ്ങുന്നതും രണ്ടാമത് നടന്ന രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ നിയമനടപടികൾ ത്വരിതഗതിയിൽ പൂർത്തിയായതും ചൂണ്ടിക്കാട്ടിയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം സംഘപരിവാർ ശക്തികൾ കൈയടക്കിയിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരുതിയിൽ നിർത്തിയിരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.
രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ അന്വേഷണമടക്കം സംസ്ഥാന പോലീസിലെ മുഴുവൻ കാര്യങ്ങളും ആർഎസ്എസ് അജണ്ടക്കനുസരിച്ചാണ് നടക്കുന്നത്. ഈ കേസിലെ പ്രതികൾക്ക് ഒരിക്കൽ പോലും ജാമ്യം നൽകിയിട്ടില്ല.
എന്നാൽ ഷാൻ വധക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തില്ല. വിചാരണ നടപടികൾക്കായി പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. ഈ പക്ഷപാതത്തിന് സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും എസ്ഡിപിഐ നേതൃത്വം ആവശ്യപ്പെട്ടു.