"കരുവന്നൂർ ബാങ്കിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു'; ഇഡിക്കെതിരെ വിമര്‍ശനവുമായി സിപിഎം
Tuesday, January 16, 2024 8:52 PM IST
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി സിപിഎം. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇഡി ശ്രമിക്കുന്നതെന്നും സിപിഎം ആരോപിച്ചു. തൃശൂർ ജില്ല സെക്രട്ടേറിയേറ്റാണ് ഇഡിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ പ്രചാരണങ്ങൾ തുടർച്ചയായി നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും സിപിഎം പ്രതികരിച്ചു.
ലോൺ നൽകുന്നതിന് ഒരു സഹകരണ ബാങ്കിലും സിപിഎം നിർദ്ദേശങ്ങൾ നൽകാറില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് തീരുമാനം എടുക്കാറുള്ളത്. അത് തന്നെയാണ് കരുവന്നൂർ ബാങ്കിലും നടന്നിട്ടുള്ളത്. മാധ്യമങ്ങളിലൂടെ കള്ളങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും സിപിഎം ആരോപിച്ചു.
കൃത്യമായ വരവ് ചെലവ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന പാർട്ടിയാണ് സിപിഎം. അതേസമയം, ഇലക്ട്രറൽ ബോണ്ടിന്റെ പേരിൽ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച് അത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പോലും പെടുത്താതെ ദുരൂഹമായി കൈകാര്യം ചെയ്യുന്ന കേന്ദ്ര ഭരണകക്ഷിയെ വെള്ള പൂശുന്നതിനാണ് ഇഡി ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.