നടപടികളിൽ താമസമുണ്ടാകില്ല കെഎസ്ആർടിസിയെ കരകയറ്റാൻ ശ്രമിക്കും: ഗണേഷ്കുമാർ
Friday, December 29, 2023 6:41 PM IST
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോട് ആദ്യ പ്രതികരണവുമായി പുതിയ മന്ത്രിമാർ. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ മന്ത്രി കെ.ബി. ഗണേഷ്കുമാർ രൂക്ഷമായി വിമർശിച്ചു. കെഎസ്ആർടിസിയെ അപകടാവസ്ഥയിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നൽകുന്ന ഏതു വകുപ്പും നല്ലരീതിയിൽ കൈകാര്യം ചെയ്യുമെന്നും വകുപ്പ് ഏതാണെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
കെഎസ്ആർടിസിയെ ലാഭത്തിലാക്കിയില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയിൽനിന്ന് കരകയറ്റാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂണിയനുകളും ഇതുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ.
ഓട്ടോമൊബൈൽ കാര്യങ്ങൾ ഇഷ്ടമുള്ള വ്യക്തിയായതിനാൽ പരിഷ്കരണങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും. ഒന്നും വച്ച് താമസിപ്പിക്കില്ല. ഇനിയുള്ള രണ്ടരവർഷം നല്ല കാര്യങ്ങൾ ചെയ്ത് സർക്കാരിന് സൽപ്പേരുണ്ടാക്കാൻ ശ്രമിക്കും. എല്ലാം പഠിക്കാൻ ഒരാഴ്ച സമയം വേണം. കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കുമെന്നും ഗണേഷ്കുമാർ പ്രതികരിച്ചു.
തന്നെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്തിനാണെന്ന് മനസിലാവുന്നില്ല. അവരെയാണ് ബഹിഷ്കരിക്കേണ്ടത്. കോണ്‍ഗ്രസുകാർ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കും. നവകേരള സദസിനെതിരേ ഉൾപ്പെടെ പ്രതിപക്ഷം പ്രതിഷേധിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.