കറുകപ്പിള്ളിയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മയുടെ ആദ്യപങ്കാളിയെ തിങ്കളാഴ്ച ചോദ്യംചെയ്യും
Saturday, December 9, 2023 1:08 PM IST
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയെ തിങ്കളാഴ്ച പോലീസ് ചോദ്യം ചെയ്യും.
കുഞ്ഞിന്റെ പിതാവ് കണ്ണൂര്‍ സ്വദേശിയാണെന്നാണ് അശ്വതി പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് ഇയാളില്‍ നിന്ന് വിവരങ്ങള്‍ തേടി. കുഞ്ഞ് തന്റേതാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ഇയാളോട് തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കൊലപാതകക്കേസിലെ പ്രതികളായ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. അതിനുശേഷം മരണം ഉറപ്പാക്കുന്നതിനായി കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചതായി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ ദന്തസാമ്പിളുകള് എടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് അശ്വതിയുടെ മൗനസമ്മതത്തോടെ ഷാനിഫ് കുഞ്ഞിനെ കൊന്നത്. മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ വച്ച് കുഞ്ഞിനെ വകവരുത്തിയത്.