ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ ചില ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോള്‍ വിമാനങ്ങളില്‍ ജിപിഎസ് സിഗ്നലുകള്‍ നഷ്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി.

ഈ പ്രദേശങ്ങളിലെത്തുമ്പോള്‍ നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ അസാധാരണമായ വ്യതിയാനം കാണിക്കുന്നതായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് വന്നിരുന്നു.

യാത്രാ വിമാനങ്ങളുടെയടക്കം സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്നതിനാലാണ് ഡിജിസിഎയുടെ നീക്കം. ജിപിഎസ് സിഗ്നലുകളില്‍ ഏതൊക്കെ തരത്തിലാണ് വ്യതിയാനം കാണിക്കുന്നതെന്നും പ്രതിസന്ധി നേരിട്ടാല്‍ എങ്ങനെ നേരിടാമെന്നും ഡിജിസിഎയുടെ അറിയിപ്പിലുണ്ട്.

ഇത്തരത്തില്‍ നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടായതിന് പിന്നാലെ ഇറാന് സമീപം ഒന്നിലധികം വാണിജ്യ വിമാനങ്ങള്‍ക്ക് വഴിതെറ്റിയിരുന്നു. മാത്രമല്ല ഇറാന്‍റെ വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനം അനുമതിയില്ലാതെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഫഷണല്‍ പൈലറ്റുമാരടക്കം നാവിഗേഷന്‍ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തെറ്റായ ജിപിഎസ് നിര്‍ദേശങ്ങള്‍ ലഭിക്കുന്നതോടെ പോകാന്‍ ഉദ്ദേശിച്ച റൂട്ടില്‍ നിന്നും വിമാനങ്ങള്‍ വഴിതെറ്റി സഞ്ചരിക്കുന്നുണ്ടെന്നും ഇറാനിലേയും അസര്‍ബൈജാനിലേയും തിരക്കുള്ള വ്യോമ റൂട്ടുകളിലാണ് പ്രശ്‌നം കൂടുതലായുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രദേശത്ത് സൈനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ജാമിംഗും സ്പൂഫിംഗും സംഭവിക്കുന്നതാണോ എന്നതിലും വ്യക്തതയില്ല.