പാഴ്സലിൽ വറുത്ത കോഴിത്തല; ഹോട്ടൽ പൂട്ടിച്ചു
Monday, November 6, 2023 3:00 PM IST
തിരൂര്‍: പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഞായറാഴ്ച തിരൂർ പിസി പടിയിലെ താമസക്കാരിയായ അധ്യാപികയാണ് മുത്തൂരിലെ ഭക്ഷണശാലയിൽ നിന്നും നാല് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്.
ഇതിൽ രണ്ടെണ്ണം വീട്ടിലെ കുട്ടികൾ കഴിച്ചു. മൂന്നാമത്തെ ബിരിയാണി പാക്കറ്റ് തുറന്നതോടെയാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയിൽ ചേർത്ത നിലയിലായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ട്.
ഇതോടെ ഇവർ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയയ്ക്കു പരാതി നൽകി. ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണർ സുജിത്ത് പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി.
മാത്രമല്ല, ലൈസൻസ് ഇല്ലാതെയാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ പൂട്ടാൻ ഉടമയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.