പിഴ ഒടുക്കുന്നതിന് കൈക്കൂലി: പഞ്ചായത്ത് ഹെഡ് ക്ലാർക്ക് പിടിയിൽ
Wednesday, October 11, 2023 11:37 PM IST
കൊണ്ടോട്ടി: കെട്ടിട നിർമാണ പെർമിറ്റ് വാങ്ങാതെ നിർമാണം പൂർത്തീകരിച്ച വീടിന് പിഴ ഒടുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.
കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയും പ്രവാസിയുമായ മുഫീദ് കെട്ടിട നിർമാണ പെർമിറ്റ് വാങ്ങാതെ നിർമാണം പൂർത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതർ 52,000 രൂപ പിഴ വിധിച്ചിരുന്നു. എന്നാൽ അവധിക്ക് ശേഷം ഗൾഫിലേക്ക് മടങ്ങേണ്ടി വന്നതിനാൽ പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലർക്കിനെ സമീപിച്ചപ്പോൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മുഫീദ് മലപ്പുറം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി മുഫീദ് സുഭാഷ് കുമാറിന് കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.