വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി;മുറി മാറി കിടന്നതിനാല്‍ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, October 10, 2023 6:52 AM IST
പന്തളം: ടോറസ് വീട്ടിലേക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ വീട്ടമ്മയ്ക്ക് അഭ്ദുത രക്ഷപ്പെടല്‍.
പുലര്‍ച്ചെ ഉണര്‍ന്ന് ടോയ്ലറ്റില് പോയതിനു ശേഷം മറ്റൊരു മുറിയില്‍ കിടന്നതാണ് മങ്ങാരം കുന്നിക്കുഴി ഹരിഗീതത്തില് ഗീതാകുമാരി(57)യ്ക്ക് രക്ഷയായത്.
ഇവര്‍ മുറിമാറി കിടന്നതിനു തൊട്ടുപിന്നാലെ ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗീതാകുമാരി നേരത്തെ കിടന്ന മുറിയുടെ മുന്‍ഭാഗം തകര്‍ന്നു. ഉള്‍വിളിപോലെ മുറി മാറി കിടന്നതാണ് വീട്ടമ്മയ്ക്ക് രക്ഷയായത്.
ഇന്നലെ പുലര്‍ച്ചെ മൂന്നേമുക്കാലോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണത്തിനായി ഹരിപ്പാട്ട് മണ്ണ് ഇറക്കിയ ശേഷം അടൂരിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
എതിരേ വന്ന ഇടപ്പോണ്‍ സ്വദേശി അഡ്വ.ദേവദാസിന്റെ കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ ഗീതാകുമാരിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മകനെ തൊടുപുഴയ്ക്ക് ബസ് കയറ്റിവിട്ടശേഷം മടങ്ങുകയായിരുന്നു. ദേവദാസിനും പരിക്കില്ല.
അപകടം നടക്കുമ്പോള്‍ ഗീതാകുമാരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് രംഗനാഥനും മക്കളും വിദേശത്താണ്.
വീടിന്റെ മതില് തകര്‍ത്താണ് ലോറി ഇടിച്ചു കയറിയത്. മുറിയുടെ മുന്‍ഭാഗത്തെ ചുമര് പാടെ തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരേ പന്തളം പോലീസ് കേസെടുത്തു.