ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിൽ: ദേവസ്വം കമ്മിറ്റി
Thursday, October 5, 2023 12:50 AM IST
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.
എന്നാല്‍ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരണ പത്രിക നല്‍കാമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.