ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും കുടുംബത്തിനും ജാമ്യം
Wednesday, October 4, 2023 12:06 PM IST
ന്യൂഡൽഹി: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ബിഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും കൂട്ടർക്കും ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബറി ദേവി, മകൻ തേജസ്വി യാദവ് എന്നിവരടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികളോട് ബുധനാഴ്ച ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
2004 മുതൽ 2009 വരെ ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേമന്ത്രിയായിരിക്കേ ഗ്രൂപ്പ് ഡി തസ്തികയിൽ ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 2009 മേയിലാണ് സിബിഐ ലാലുവിനും കൂട്ടർക്കുമെതിരേ കേസെടുത്തത്.