സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും ജയം
Tuesday, October 3, 2023 11:33 PM IST
ഹൈദരാബാദ്: ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും വിജയം. ഓസ്ട്രേലിയ പാക്കിസ്ഥാനെ 14 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരേ ആറു വിക്കറ്റ് ജയം നേടി.
ഓസ്ട്രേലിയ-പാക്കിസ്ഥാന് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ 351 റണ്‍സ് എടുത്തു.
77 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലാണ് ടോപ് സ്കോറര്‍. കാമറൂണ്‍ ഗ്രീനും(50) അര്‍ധസെഞ്ചുറി നേടി. പാക്കിസ്ഥാനായി ഉസാമാ മിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 47.4 ഓവറില്‍ 337ല്‍ അവസാനിച്ചു. പാക്കിസ്ഥാനായി ഇഫ്ത്തിക്കര്‍ അഹമ്മദ്(83),ക്യാപ്റ്റന്‍ ബാബര്‍ അസം(90), മുഹമ്മദ് നവാസ്(50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മൂന്നു വിക്കറ്റ് നേടിയ മാര്‍നസ് ലബുഷെയ്നാണ് ഓസീസ് വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍. കമ്മിന്‍സ്,മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് അഫ്ഗാന് ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിന്റെ ഉജ്ജ്വല ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് 294 റണ്‍സ് എടുത്തത്. 87 പന്തില്‍ ഒമ്പതു സിക്സറുകളും 19 ബൗണ്ടറികളും അടക്കം 158 റണ്‍സാണ് മെന്‍ഡിസ് അടിച്ചു കൂട്ടിയത്. അഫ്ഗാനായി മുഹമ്മദ് നബി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
മഴ പെയ്തതിനെത്തുടര്‍ന്ന് പുനര്‍നിര്‍ണയിക്കപ്പെട്ട ലക്ഷ്യം ലാക്കാക്കി ഇറങ്ങിയ അഫ്ഗാന് റഹ് മാനുള്ള ഗുര്‍ബാസ്(119), റഹ്മത്ത് ഷാ(93) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 38.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിൽ അനായാസ വിജയം നേടുകയായിരുന്നു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതർലൻഡ്സ് മത്സരം കനത്ത മഴയെത്തുടർന്ന് ടോസിനു മുന്‍പുതന്നെ ഉപേക്ഷിച്ചിരുന്നു.