നിയമനതട്ടിപ്പ് കേസ്; അഖിൽ സജീവും ലെനിനും പ്രതികളെന്ന് പോലീസ്
Monday, October 2, 2023 2:43 PM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴക്കേസില്‍ അഖില്‍ സജീവനെയും ലെനിൻ രാജിനെയും പ്രതി ചേര്‍ത്തു.
വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. ബാസിതിനെ പ്രതിചേർക്കുന്നത് പിന്നീട് തീരുമാനിക്കും. ഇത് സംബന്ധിച്ച് കന്റോൺമെന്റ് പോലീസ് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.
നിലവില്‍ ഈ കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിരുന്നില്ല. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അക്കൗണ്ടില്‍ പണമെത്തിയതായി കന്റോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് പോലീസിന്റെ നിഗമനം.
ഹരിദാസനിൽ നിന്നും ലെനിൻ 50,000 രൂപയും അഖിൽ സജീവൻ 25,000 രൂപയും വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു പ്രതികളും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. പരാതിയില്‍ പോലീസ് നേരത്തേ ഹരിദാസന്റെ മൊഴിയെടുത്തിരുന്നു.