ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണഞായർ. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് ഇന്ത്യയുടെ പതിനൊന്നാം സ്വർണമെത്തിയത്. പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് ടൊൻഡെയ്മൻ എന്നിവരടങ്ങിയ ടീമാണ് എട്ടാം ദിനം സ്വർണം വെടിവച്ചിട്ടത്.

361 പോയിന്‍റുകളുമായി ഗെയിംസ് റിക്കാർഡോടെയാണ് ഇന്ത്യൻ ഷൂട്ടർമാരുടെ സ്വർണനേട്ടം. ഷൂട്ടിംഗ് റേഞ്ചിലെ ഏഴാം സ്വർണമാണിത്.

അതേസമയം, വനിതകളുടെ ഇതേയിനത്തിൽ ഇന്ത്യ വെള്ളി സ്വന്തമാക്കി. മനീഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് മെഡൽ കരസ്ഥമാക്കിയത്. 337 പോയിന്‍റാണ് ഇന്ത്യൻ ഷൂട്ടർമാർ നേടിയത്. അതേസമയം, ഈയിനത്തിൽ 351 പോയിന്‍റുകളുമായി ചൈനീസ് ടീമിനാണ് സ്വർണം.

ഇതേയിനത്തിൽ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു എന്നിവർ ഫൈനലിൽ കടന്നിട്ടുണ്ട്.

11 സ്വർണം, 16 വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് ഹാംഗ്ഝൗ ഏഷ്യൻ ഗെയിംസിലെ ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽനേട്ടം. ഇതോടെ ആകെ 41 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.