ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവർ കുറഞ്ഞു: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
Saturday, September 30, 2023 2:14 AM IST
കൊച്ചി: ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഈടാക്കുന്നത് ജനങ്ങളുടെ സുരക്ഷയെ മുന്‍ നിർത്തിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. റോഡ് സുരക്ഷയ്ക്കായി ചെയ്യുന്ന പല കാര്യങ്ങളും സര്‍ക്കാരിന് പിഴ ലഭിക്കാനാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടത്തിയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ കാമറ സ്ഥാപിച്ചശേഷം ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതുവഴി അപകടമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. മരണത്തേക്കാള്‍ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലാക്കുന്നതാണ്. അവരെ പരിചരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
യുവാക്കളെ അടക്കം റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള പരിപാടികള്‍ നടത്തിവരികയാണ്. യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് സിനിമാ താരങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.