ഇന്ത്യയിലെ എംബസി അടച്ചുപൂട്ടാൻ അഫ്ഗാനിസ്ഥാൻ
Friday, September 29, 2023 8:40 PM IST
ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ.
സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിലെ എംബസി അടച്ചുപൂട്ടുകയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കി.
ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്ര ദൗത്യത്തിന് നിലനിൽക്കണമെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ പിന്തുണ ആവശ്യമുള്ള സ്ഥിതിയാണ് ഉണ്ടായിരുന്നതെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു.
ഏറെനാളത്തെ ചർച്ചകൾക്കും ശ്രമങ്ങൾക്കുമൊടുവിലും ഇത്തരമൊരു പിന്തുണ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ, നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയും രാജ്യതാൽപര്യം പരിഗണിച്ചും എംബസി പ്രവർത്തനം നിർത്തുകയാണെന്ന് അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി.
താലിബാൻ നിയോഗിച്ച അംബാസഡർ ഖാദിർ ഷായും മുൻപുണ്ടായിരുന്ന ജനാധിപത്യ സർക്കാർ നിയോഗിച്ച അംബാസഡർ ഫരിദ് മമുന്ദ്സായും തമ്മിൽ അധികാരകൈമാറ്റം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഷായുടെ നിയമനം അനധികൃതമാണെന്നാണ് മമുന്ദ്സായ് ആരോപിച്ചിരുന്നത്.
ഇതിനിടെ, അഫ്ഗാൻ എംബസി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് വാക്കാലുള്ള അറിയിപ്പ് ലഭിച്ചെന്നും അഫ്ഗാൻ സർക്കാർ പുറത്തിറക്കിയ കുറിപ്പിന്റെ അധികാരികതയെപ്പറ്റി പഠിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.