ഇൻകെൽ അഴിമതി കെ-ഫോൺ, എഐ കാമറ തട്ടിപ്പുകൾക്ക് സമാനമെന്ന് പ്രതിപക്ഷ നേതാവ്
Friday, September 29, 2023 6:21 PM IST
തിരുവനന്തപുരം: സൗരോർജ പ്ലാന്റ് സ്ഥാപിക്കാനുള്ള കെഎസ്ഇബി കരാർ അനധികൃതമായി മറിച്ചുനൽകി ഇൻകെൽ ഉന്നതൻ കോഴ വാങ്ങിയ സംഭവം കെ-ഫോൺ, എഐ കാമറ തട്ടിപ്പുകൾക്ക് സമാനമായ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പൊതുമേഖലാ സ്ഥാപനങ്ങളെയും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളെയും മറയാക്കി ഒരേ രീതിയിലുള്ള അഴിമതിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് സതീശൻ പറഞ്ഞു.
ഇൻകെൽ അഴിമതിയെക്കുറിച്ച് മൂന്ന് വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കമ്പനിയിലെ പരാതിയെപ്പറ്റി ഇൻകെൽ എംഡി തന്നെ അന്വേഷിക്കുന്നത് വിരോധാഭാസമാണ്.
സ്വന്തക്കാരെക്കൊണ്ട് അന്വേഷണം നടത്തി അഴിമതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ല. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.