വീട്ടിൽ നിന്ന് ഇറങ്ങുന്നത് യൂണിഫോമിലാവണം:ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ
Thursday, September 28, 2023 2:09 PM IST
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നിറങ്ങുന്പോൾ തന്നെ യൂണിഫോം ധരിക്കണമെന്ന എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സർക്കുലർ വിവാദത്തിൽ.
എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കാണു സർക്കുലർ ലഭിച്ചത്.
ഷൂസും തൊപ്പിയും പഴയ സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമമുറികൾ മാറിയെന്നും അടിവസ്ത്രങ്ങൾ വരെ ഇവിടെ അലക്കിയിടുന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടി.
ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30ന് മുൻപ് വിശ്രമമുറികൾ വൃത്തിയാക്കി ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വീട്ടിൽനിന്നു യൂണിഫോം ധരിച്ചെത്തുന്നതും മടങ്ങുന്നതു വരെ യൂണിഫോമിൽ തുടരുന്നതും പ്രായോഗികമായി പ്രശ്നമുണ്ടാക്കുമെന്നതിനാൽ സർക്കുലറിനെതിരേ പോലീസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ വൻ പ്രതിഷേധമാണുയരുന്നത്.
മഫ്തിയിൽ ചെയ്യേണ്ട ഡ്യൂട്ടികൾ ഏറെയുള്ളതിനാൽ സ്റ്റേഷനിൽ തന്നെ വസ്ത്രം മാറേണ്ട സാഹചര്യമാണ് മിക്കപ്പോഴുമെന്നും പോലീസുകാർ ചൂണ്ടിക്കാട്ടുന്നു.
ആൾക്ഷാമം മൂലം മണിക്കൂറുകളോളം വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ പോലീസുകാർ ഇടയ്ക്കു വിശ്രമിക്കുന്നത് സ്റ്റേഷനിലെ വിശ്രമമുറികളിലാണ്.
യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങൾ ധരിച്ചാവും ഇത്. കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ ഇന്നലെ ഡിഐജിയെ കണ്ട് ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചു.