വന്ദേഭാരതിന് തലശേരിയിൽ സ്റ്റോപ്പ് വേണം; റെയിൽവേ മന്ത്രിക്ക് കത്തു നൽകി സ്പീക്കർ
Thursday, September 28, 2023 12:02 AM IST
തിരുവനന്തപുരം: വന്ദേഭാരതിന് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകി.
കോടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർഗോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി എന്നിവിടങ്ങളിൽ നിന്നുമുള്ള രോഗികൾക്കും ആശ്രയകേന്ദ്രമാണ്.
മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകും.
ഈ വിവരങ്ങൾ കണക്കിലെടുത്ത്, കാസർഗോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ച് നിയമസഭാ സ്പീക്കർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി.