വ്യാപാരിയുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുമെന്ന് എസ്പിയുടെ ഉറപ്പ്; മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു
Tuesday, September 26, 2023 3:14 PM IST
കോട്ടയം: ബാങ്ക് ജീവനക്കാരില്‍ നിന്നും നിരന്തര ഭീഷണി നേരിട്ടതില്‍ മനംനൊന്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം. കോട്ടയം എസ്പി എത്തി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നാഗമ്പടം റെയില്‍വേ സ്റ്റേഷന് റോഡിലെ ബാങ്കിന് മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ കുടുംബം തയാറായത്.
കുടുംബത്തിന്റെ പരാതി കോട്ടയം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് എസ്പി ഇവര്‍ക്ക് ഉറപ്പ് നല്കി. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ മൃതദേഹവുമായി ഇവിടെനിന്ന് മടങ്ങിയത്.
അയ്മനം സ്വദേശി ബിനുവാണ് ബാങ്കില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് തിങ്കളാഴ്ച ജീവനൊടുക്കിയത്. കര്‍ണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടര്‍ന്നാണ് വ്യാപാരിയായ ബിനു ജീവനൊടുക്കിയതെന്നാണ് ബിനുവിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
രണ്ടു മാസത്തെ കുടിശിക നല്കാന് ബാക്കിയുണ്ടായിരുന്നതിനാല്‍ ബാങ്ക് ജീവനക്കാര്‍ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മാനേജറായ പ്രദീപില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കോട്ടയം കുടയംപടിയില്‍ ക്യാറ്റ് വാക്ക് എന്ന പേരില്‍ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്പടത്തെ കര്‍ണാടക ബാങ്കില്‍നിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിനു മുന്‍പും ഇതേ ബാങ്കില്‍ നിന്നും വായ്പ എടുത്ത ബിനു കൃത്യമായി മുഴുവന്‍ തുകയും അടച്ചു തീര്‍ത്തിരുന്നു.
തിങ്കളാഴ്ച രാവിലെയും ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ബാങ്കില്‍ നിന്നുള്ള ജീവനക്കാര്‍ എത്തി ഭീഷണിപ്പെടുത്തുകയും മേശവലിപ്പില്‍ നിന്ന് പണം എടുക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു.