ആരോഗ്യമന്ത്രിക്കെതിരായ കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശം; കേസെടുത്ത് വനിതാ കമ്മീഷൻ
Saturday, September 23, 2023 1:40 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി അധിക്ഷേപ പരാമർശമുയർത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ.
സംഭവത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. ഷാജിയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും അധിക്ഷേപകരവും ആണെന്ന് വനിതാ കമ്മീഷൻ പ്രസ്താവിച്ചു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ആരോഗ്യമന്ത്രിയെന്ന് ഷാജി കഴിഞ്ഞദിവസം ആക്ഷേപിച്ചിരുന്നു. നിപ എന്ന് പറഞ്ഞാല്‍ ഓര്‍മവരിക വവ്വാലിനെയാണെന്ന പോലെ ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്മ വരുന്നത് മുഖ്യമന്ത്രിയെ ആണെന്നും ഷാജി പരിഹസിച്ചു.
വലിയ പ്രഗൽഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്? നല്ല പ്രസംഗത്തിന് നല്കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ ആരോഗ്യമന്ത്രി കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.