"ബിജെപിയുടെ അഴിമതി തുറന്നുകാട്ടുക': അനുയായികളോട് ആഹ്വാനം ചെയ്ത് എം.കെ. സ്റ്റാലിൻ
Monday, September 18, 2023 9:25 AM IST
ചെന്നൈ: ബിജെപിയുടെ അഴിമതി തുറന്നുകാട്ടാൻ അനുയായികളോട് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. കഴിഞ്ഞ ദിവസം വെല്ലൂരിൽ നടന്ന പാർട്ടി പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മോദി സർക്കാർ 2014 നും 2023 നും ഇടയിൽ ഇന്ധനവില വർധിപ്പിച്ച നടപടിയെ എം.കെ. സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കടഭാരം 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാൽ ബിജെപിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കിയതിൽ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് ബിജെപിയുടെ അഴിമതി തുറന്നുകാട്ടണമെന്നും സ്റ്റാലിൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു.
അഴിമതിയുടെ മുഖം മറയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം, ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ജിഎസ്ടി നടപ്പാക്കിയതിനെയും അദ്ദേഹം വിമർശിച്ചു. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും (എൻഇപി) തമിഴ്നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അതിന്റെ സാധ്യതയെക്കുറിച്ചും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു.
നീറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകളും എടുത്തുകാണിച്ച സ്റ്റാലിൻ, ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോലും വ്യാപിക്കുകയാണെന്നും ആരോപിച്ചു.