കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Sunday, September 17, 2023 7:27 PM IST
തിരുവനന്തപുരം: പോത്തൻകോട്ട് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ.
വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിന്(51) ആണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മർദനമേറ്റത്. ഇയാളുടെ കൈവിരലിന് സാരമായ പരിക്കുണ്ട്.
സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി(31), സമീർ ദാസ് (22), ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് ഇവർ ശശികുമാറിനെ മർദിച്ചത്.
പ്ലാമൂട് മേഖലയിൽ വച്ച് പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസിൽ ശക്തമായി അടിച്ചിരുന്നു. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ഇവരെ ഗൗനിക്കാതെ ശശികുമാർ ബസ് ഓടിച്ചുപോവുകയായിരുന്നു.
ഇതിൽ പ്രകോപിതരായി ആണ് ഇവർ സ്റ്റാൻഡിലെത്തി ഇയാളെ മർദിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.