ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമാന്‍ എയര്‍ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും കള്ളകടത്തിന് പിടിയില്‍. ആകെ 186 യാത്രക്കാരുണ്ടായിരുന്നതില്‍ 113 പേരെയും കസ്റ്റഡിയിലെടുത്തുവെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം. ഓരോ യാത്രക്കാരുടെ കൈവശവും സ്വര്‍ണം, വിലയേറിയ ഗാഡ്ജറ്റുകള്‍ എന്നിവ കടത്തിക്കൊണ്ട് വരികയായിരുന്നു.

ഇതില്‍ 13 കിലോ സ്വര്‍ണം മുതല്‍ ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ചെറിയ അളവില്‍ കള്ളക്കടത്ത് സാധനങ്ങള്‍ കൊണ്ടു വരുന്ന സഹയാത്രികരെ തമിഴ്‌നാട്ടില്‍ "കുരുവികള്‍' എന്നാണ് വിളിക്കാറ്. ഇവര്‍ക്ക് ചെറിയൊരു തുക പ്രതിഫലമായി നല്‍കും. പുറമേ ചോക്കലേറ്റ് പോലുള്ള വിലകുറഞ്ഞ സമ്മാനങ്ങളും നല്‍കും.

ഒമാന്‍ എയര്‍ വിമാനത്തില്‍ നിന്നും പതിമൂന്ന് കിലോ സ്വര്‍ണം, 120 ഐഫോണുകള്‍, 84 ആന്‍ഡ്രോയിഡ് ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ ലാപ്‌ടോപ്പ്, വിദേശ നിര്‍മിത സിഗരറ്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം കൂടി 14 കോടി രൂപ മൂല്യം വരുമെന്നാണ് സൂചന. പിടിയിലായവരെ ജാമ്യത്തില്‍ വിട്ടയയ്ച്ചു.