ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗികാതിക്രമം; രണ്ടാം പരാതിക്കാരി കേസിൽനിന്ന് പിന്മാറി
Sunday, September 10, 2023 8:22 PM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പരാതിക്കാരി പിന്മാറി.
കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. ഇ-മെയില്‍ മുഖേനയാണ് എറണാകുളം സെന്‍ട്രല്‍ പോലീസിനെ ഇക്കാര്യം പരാതിക്കാരി അറിയിച്ചത്.
2018-ല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടര്‍ കഴിഞ്ഞദിവസം ഇ-മെയില്‍ മുഖേനയാണ് പോലീസില്‍ പരാതി നല്‍കിയത്. ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന സമയത്ത് ഡോ. മനോജ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു അമേരിക്കയില്‍ ജോലിചെയ്യുന്ന ഡോക്ടറുടെ പരാതി. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ആരോപണ വിധേയനായ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് വ്യക്തമാക്കി വിദേശത്തുള്ള മറ്റൊരു വനിതാ ഡോക്ടറാണ് ആദ്യം രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
2019-ല്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന സമയത്ത് സ്വകാര്യ കണ്സള്ട്ടേഷന് മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ കേസില്‍ ഡോക്ടറെ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു പുതിയ പരാതി ഉയർന്നത്.