നയതന്ത്ര നേട്ടം; ജി-20 സംയുക്ത പ്രസ്താവനയിൽ സമവായം
Saturday, September 9, 2023 6:01 PM IST
ന്യൂഡൽഹി: ജി-20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയ്ക്കായി കൈകോർത്ത് അംഗരാജ്യങ്ങൾ. പ്രസ്താവന 100 ശതമാനം സമവായത്തോടെ രാജ്യങ്ങൾ അംഗീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ പ്രസ്താവനയിൽ ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന സന്ദേശമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. ഒരു രാജ്യവും ബലം പ്രയോഗിച്ച് മറ്റൊരു രാജ്യത്തിന്റെയും അഖണ്ഡതയും രാഷ്ട്രീയ സ്വാതന്ത്ര്യവും ചോദ്യം ചെയ്യരുതെന്ന് പ്രമേയം വ്യക്തമാക്കി.
യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക, സാമ്പത്തിക പ്രശ്നങ്ങളും പ്രമേയം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഈ പ്രതിസന്ധി നിരവധി രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് വിഘാതമായെന്നും പ്രസ്താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ തയാറാക്കിയ സംയുക്ത പ്രസ്താവന സമ്മേളനത്തിൽ അവതരിപ്പിച്ച മോദി, രേഖ ഔദ്യോഗികമാക്കുന്നതായി പ്രഖ്യാപിച്ച് മേശയിൽ ചെറുചുറ്റിക കൊണ്ട് മൂന്ന് പ്രാവശ്യം അടിച്ചു. ഇതിന് മറുപടിയായി മറ്റ് അംഗങ്ങൾ മേശയിൽ തട്ടിയതോടെ പ്രസ്താവന പൂർണമായി അംഗീകരിക്കപ്പെട്ടു.
ഇന്ത്യൻ നയതന്ത്രജ്ഞരുടെ കഠിനപരിശ്രമവും ഏവരുടെയും സഹകരണവും കൊണ്ട് ജി-20 സമ്മേളനത്തിന്റെ ഔദ്യോഗിക പ്രസ്താവന സമിതിയിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചെന്ന് മോദി പിന്നീട് എക്സിൽ കുറിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സംബന്ധിച്ച തർക്കം മൂലം പ്രസ്താവന എല്ലാ രാജ്യങ്ങളും അംഗീകരിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. പ്രസ്താവനയിൽ ഏതെങ്കിലും രാജ്യം വിയോജിപ്പ് പ്രകടിപ്പിച്ചാലോ വിട്ടുനിന്നാലോ രാജ്യാന്തര തലത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞതയ്ക്ക് വീഴ്ചയായി അത് വിലയിരുത്തപ്പെടുമായിരുന്നു.