സെന്തിൽ ബാലാജി മന്ത്രിസ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി
Tuesday, September 5, 2023 7:11 PM IST
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി കാബിനറ്റിൽ നിലനിർത്തുന്നത് അഭികാമ്യമായ നടപടിയല്ലെന്ന് മദ്രാസ് ഹൈക്കോടതി.
വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ആർക്കും പ്രയോജനമില്ലാത്ത കാര്യമാണെന്നും ഭരണഘടനാമൂല്യങ്ങളുടെ അന്തസിനും ഭരണനിർവഹണത്തിന്റെ വിശുദ്ധിക്കും ഇത് ആഘാതമേൽപ്പിക്കുമെന്നും കോടതി പ്രസ്താവിച്ചു.
ബാലാജി മന്ത്രിയായി തുടരുന്നതിനെതിരെ ചിലർ നൽകിയ ഹർജികളിൽ വാദംകേൾക്കവെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.വി. ഗംഗാപുർവാല അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തങ്ങളുടെ നിരീക്ഷണങ്ങൾ പരിഗണനയിലെടുത്ത് ബാലാജിയുടെ മന്ത്രിസ്ഥാനത്തെപ്പറ്റി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.