അൻവാർ ഉൾ ഹഖ് കാകർ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി
Saturday, August 12, 2023 7:03 PM IST
ഇസ്ലാമാബാദ്: പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ പാക്കിസ്ഥാനെ നയിക്കാനായി അൻവാർ ഉൾ ഹഖ് കാകറിനെ കാവൽ പ്രധാനമന്ത്രിയായി നിയമിച്ചു.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, പ്രതിപക്ഷ നേതാവ് രാജ റിയാസ് എന്നിവർ ചേർന്നാണ് കാകറിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തത്. കാകറിന്റെ നിയമനത്തിന് അംഗീകാരം തേടിയുള്ള കത്ത് പ്രസിഡന്റിന് നൽകിയതായി ഇരുവരും അറിയിച്ചു.
ബലോചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള നേതാവായ കാകർ, ഒക്ടോബറിൽ പുതിയ സർക്കാർ അധികാരമേൽക്കും വരെ സ്ഥാനത്ത് തുടരും.
പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം നടക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിഷ്പക്ഷനായ ഒരാൾ പ്രധാനമന്ത്രിസ്ഥാനം വഹിക്കണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം. എന്നാൽ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത മൂലം തെരഞ്ഞെടുപ്പ് ആറ് മാസം വരെ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ കാകറിന്റെ ഭരണകാലം നീണ്ടേക്കും.