കൈക്കൂലി കേസില്‍ ശിക്ഷ; വനിതാ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു
Saturday, August 5, 2023 2:11 PM IST
കോഴിക്കോട്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പി.കെ. ബീനയെ ആണ് പിരിച്ചുവിട്ടത്. ചേവായൂര്‍ സബ് രജിസ്ട്രാറായിരിക്കെ കൈക്കൂലി കേസില്‍ വിജിലന്‍സ് ഇവരെ പിടികൂടിയിരുന്നു. വിജിലന്‍സ് പിടിയിലായത് മുതല്‍ ബീന സസ്പെന്‍ഷനിലായിരുന്നു.
ബീന കുറ്റക്കാരിയാണെന്ന് 2020 ജൂണ്‍ 26ന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷവും കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
കേസില്‍ കേരള ഹൈക്കോടതിയില്‍ ബീന അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയ ശേഷം വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം മേല്‍ക്കോടതിയില്‍ തെളിയിക്കും. അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിന് നല്കിയ മറുപടിയില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ചട്ടപ്രകാരം ബീനയെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വകുപ്പ് തലത്തില്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ കുറ്റക്കാരിയല്ലെന്ന് മേല്‍ക്കോടതി വിധിച്ചാല്‍ ബീനയെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു.