ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്
വെബ് ഡെസ്ക്
Monday, July 31, 2023 5:19 PM IST
കൊച്ചി: പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
സീറോ മലബാര്‍ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നതിനുമാണു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി മാർ സിറില്‍ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.
2023 മേയ് നാലിന് സീറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ നിയുക്ത കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചര്‍ച്ചയില്‍ രൂപപ്പെട്ട നിര്‍ദേശമാണ് പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അയക്കുക എന്നത്.
ഈ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍, 2023 ജൂണിൽ കൂടിയ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡ് സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതക്ക് വേണ്ടി ഒരു പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും സിനഡിന്റെ അനുകൂല തീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ഈ നടപടികളുടെ പൂര്‍ത്തീകരണമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്. ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ ഓഗസ്റ്റ് നാലിനു എറണാകുളത്ത് എത്തുമെന്നാണറിയിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍ നിയമ പ്രഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയില്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ അനുഗമിക്കുന്നുണ്ട്.
മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പല്‍ ഡെലഗേറ്റു പ്രവര്‍ത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വഹണ ചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത് തുടര്‍ന്നും നിര്‍വഹിക്കുന്നതാണ്.
1965ല്‍ സ്ലൊവാക്യയിലെ കൊസിഷെയില്‍ ജനിച്ച ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ പ്രാഥമിക പഠനത്തിനു ശേഷം സെമിനാരി പരിശീലനം പൂര്‍ത്തിയാക്കി 1987ല്‍ വൈദികനായി. സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു.
2009ല്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആര്‍ച്ച്ബിഷപിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ല്‍ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.
2018 ജനുവരിയില്‍ ഷംഷാബാദ് രൂപതാ മെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ സീറോ മലബാര്‍ സഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.