കൂടിയ കുടിയന്മാർക്ക്; വരുന്നു കെ ടോഡി
Wednesday, July 26, 2023 8:10 PM IST
തിരുവനന്തപുരം: കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റുമെന്നു മദ്യനയത്തിൽ പ്രഖ്യാപനം. കള്ളിനെ പ്രകൃതിജന്യവും പരന്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും.
കേരളാ ടോഡി (കെ ടോഡി) എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. കേരളത്തിൽ എല്ലാ പ്രദേശത്തും സ്ഥലങ്ങൾ കണ്ടെത്തി കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഉത്പാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും.
തെങ്ങിൽ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. അതാത് ദിവസങ്ങളിലെ വിൽപ്പനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർധിത വസ്തുക്കൾ നിർമിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും.
ഒരു തെങ്ങിൽ നി്ന്ന് 2.5 ലിറ്റർ കള്ളാണ് ലഭിക്കുക. കള്ള് കൊണ്ടുപോകുന്നത് കൃത്യമായി നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം നടപ്പിലാക്കും.
ത്രീസ്റ്റാറിനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകളിലും വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും സ്ഥാപനത്തിനുള്ളിലെ തെങ്ങും പനയും ചെത്തി കള്ള് ഉത്പാദിപ്പിച്ച് അതിഥികൾക്കും നൽകുന്നതിന് അനുവാദം നൽകും.