പള്ളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല; ശിവൻകുട്ടിക്ക് മറുപടിയുമായി ഫാ. യൂജിൻ പെരേര
Monday, July 10, 2023 10:43 PM IST
തിരുവനന്തപുരം: പള്ളികളിൽ അനധികൃത പിരിവ് നടത്തുന്നുവെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി വികാരി ജനറൽ ഫാ. യൂജിൻ പെരേര രംഗത്ത്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തരവാദ പ്രസ്താവനകൾ നടത്തരുതെന്ന് ഫാ. യൂജൻ പെരേര പറഞ്ഞു. പള്ളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളും അംഗങ്ങളിൽനിന്നു സംഭാവനകൾ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിൽ മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്തു സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിന് ശ്രമിച്ചു. പാർട്ടി പ്രവർത്തകരുടെ പിൻബലത്തിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചത്. അവർ ന്യായമായി പറയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം അവരോട് ആക്രോശിക്കുകയാണ് ചെയ്യുന്നത്.
മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവർ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും മത്സ്യത്തൊഴിലാളികളെയും അധിക്ഷേപിക്കുകയായിരുന്നു. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ഫാ. യൂജിൻ പെരേര കൂട്ടിച്ചേർത്തു.