ലോക കേരളസഭ; അമേരിക്കൻ മേഖല സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
Thursday, June 8, 2023 9:37 PM IST
തിരുവനന്തപുരം: ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ എന്നിവരടങ്ങിയ സംഘം അമേരിക്കയിലേക്ക് തിരിച്ചിരുന്നു.
ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകൾ നടക്കുക. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ നാളെ ചർച്ച ചെയ്യും. നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന "അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’’ എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.
ലോക കേരള സഭാ മേഖലാ സമ്മേളനത്തിനുശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക്ക് ടൈം സ്ക്വയറിൽ തയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസിനെ അഭിസംബോധന ചെയ്യും. ഡോ.ജോണ് ബ്രിട്ടാസ് എംപി "നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും.
ലോക കേരള സഭാ ഡയറക്ടർ ഡോ.കെ. വാസുകിയാണ് "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും' എന്ന വിഷയം സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികൾ അവരുടെ നിർദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്കുശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.
മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും മലയാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ന്യൂയോർക്കിലെ പരിപാടി കഴിഞ്ഞ് വാഷിംഗ്ടൺ ഡിസിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങുക.