കാഞ്ഞിരപ്പള്ളിയിലെ വിദ്യാർഥിനിയുടെ മരണം: മന്ത്രിമാർ ഇന്നു ചർച്ച നടത്തും
Wednesday, June 7, 2023 6:43 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ടു ഇന്നു മന്ത്രിതല ചർച്ച. വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാരായ ഡോ.ആര്. ബിന്ദു, വി.എന്‍. വാസവന് എന്നിവര്‍ കാഞ്ഞിരപ്പള്ളി ടിബിയിൽ ഇന്നു രാവിലെ 10നാണ് ചര്‍ച്ച നടത്തുക.
വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു തെറ്റിദ്ധാരണ വരുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു വേദനാജകമാണെന്നും സുതാര്യമായി പോലീസ് അന്വേഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തണമെന്നും കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
യാഥാര്‍ഥ്യങ്ങൾ തമസ്കരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ കോളജായ അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിനെയും വൈദികരെയും സിസ്റ്റേഴ്സിനെയും അപമാനിക്കാന്‍ ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങള്‍ തിരിച്ചറിയണം.
വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന കോളജ് മാനേജ്മെന്റിനെയും ക്രൈസ്തവ സഭയെയും ഒറ്റപ്പെടുത്താനുള്ള ചില ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണോ ഈ സമരം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത സംഘടനകള്‍ നടത്തുന്ന സമര പരിപാടികള്‍ വിദ്യാർഥിസമൂഹം തിരിച്ചറിയണം.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പാര്‍ട്ടിരാഷ്ട്രീയം വിദ്യാര്‍ഥികളില്‍ കുത്തിനിറച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകലുഷിതമാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറണമെന്നു കൗണ്‍സില്‍ അഭ്യർഥിച്ചിരുന്നു.