പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
Tuesday, June 6, 2023 4:39 PM IST
കണ്ണൂർ: ലോറി ഡ്രൈവറെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതിന് പിന്നാലെ കണ്ണൂർ നഗരത്തിൽ കർശന സുരക്ഷ ഒരുക്കാൻ സിറ്റി പോലീസ് കമ്മീഷണർ ടൗൺ പോലീസിന് നിർദേശം നല്കി.
രാത്രിയായാൽ സ്റ്റേഷനിൽ ഇരിക്കാതെ നഗരത്തിൽ പട്രോളിംഗ് നടത്തണം. പുലർച്ചെ വരെ നഗരത്തിൽ പോലീസ് ഉണ്ടായിരിക്കണം. കൂടാതെ, രാത്രി ഏഴു മുതൽ 12 വരെ പട്രോളിംഗും ശക്തമായിരിക്കണം.
നഗരത്തിൽ തുടർച്ചയായി അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന ഉണ്ടായിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ആർ. അജിത് കുമാർ നിർദേശിച്ചു.
കണ്ണൂർ നഗരത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ കീഴിലും പരിസരത്തുള്ള പോലീസ് ഓഫീസുകളിലും എട്ട് വാഹനങ്ങളുണ്ട്.
എന്നാൽ, രാത്രിയായാൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്നാണ് വ്യാപക പരാതി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം, പഴയ ബസ്സ്റ്റാൻഡ് പരിസരം, മാർക്കറ്റ് എന്നിവിടങ്ങളിൽ അക്രമങ്ങൾ പതിവാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ചെ കൊലപാതകം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്റെയും കമ്മീഷണർ ഓഫീസിന്റെയും സമീപത്താണ്. ലോറി ഡ്രൈവർ വെട്ടേറ്റ് കിടന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് പോലീസ് സംഭവം അറിയുന്നത്.
സംഭവം കണ്ണൂർ ടൗൺ പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയതോടെയാണ് സിറ്റി പോലീസ് കമ്മീഷ്ണർ തന്നെ സുരക്ഷ ശക്തമാക്കാൻ നിർദേശം നല്കിയത്.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും റെയിൽവേ പോലീസ് സുരക്ഷ ശക്തമാക്കി. പാളങ്ങൾ മുറിച്ചുകടക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും.
ഇതു സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ബോർഡുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.