ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ ഇഡി അന്വേഷണം
Sunday, June 4, 2023 9:36 PM IST
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇഡിക്ക് പരാതി നല്കിയ അഭിഭാഷകനെ മൊഴി നല്‍കാനായി വിളിപ്പിച്ചിട്ടുണ്ട്.
ഇയാള്‍ ചൊവ്വാഴ്ച ഹാജരാകുമെന്നാണ് വിവരം. കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി സൈബിക്കെതിരെ കേസെടുത്തിട്ടുള്ളത്.
സൈബിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു. സൈബിയുമായി ബന്ധപ്പെട്ട കേസിന്റെ അനുബന്ധ രേഖകളും രജിസ്ട്രാറില്‍ നിന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍ നിന്ന് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക അസോസയേഷന്‍ പ്രസിഡന്റായിരുന്നു സൈബിക്കെതിരെ ജനുവരി 31നാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.