രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കി; 39 എണ്ണം വഴിതിരിച്ചുവിട്ടു
Saturday, June 3, 2023 11:43 AM IST
ന്യൂഡല്‍ഹി: ഒഡീഷയില്‍ 280 പേരുടെ ജീവന് കവര്‍ന്ന ട്രെയിനപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കി. 39 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
കേരളത്തില്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി- ദിബ്രുഗര്‍ വിവേക് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സില്‍ച്ചര്‍- തിരുവനന്തപുരം, ദിബ്രുഗര്‍- കന്യാകുമാരി, ഷാലിമാര്‍- തിരുവനന്തപുരം, പാറ്റ്ന- എറണാകുളം( വെള്ളിയാഴ്ച പുറപ്പെട്ടത്) എന്നിവയാണ് തിരിച്ചുവിട്ടത്.
വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ആദ്യം, 12841-ാം നമ്പര്‍ ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റി മറിയുകയായിരുന്നു. ഈ ബോഗികളിലേക്ക് ഇതുവഴി കടന്നുപോയ 12864-ാം നമ്പര്‍ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ ഹൗറ എക്സ്പ്രസിന്റെ ചില ബോഗികള്‍ തൊട്ടടുത്ത ട്രാക്കില്‍ ഉണ്ടായിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചു കയറിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി ഉയര്‍ന്നു. ആയിരത്തോളംപേര്‍ക്ക് പരിക്കേറ്റു.
ഹെല്പ്ലെെന് നമ്പറുകള്‍
ഹൗറ - 03326382217
ഖരക്പുര് - 8972073925, 9332392339
ബാലസോര്‍ - 8249591559, 7978418322
ഷാലിമാര്‍ - 9903370746
വിജയവാഡ - 0866 2576924
രാജമുന്ദ്രി - 08832420541
ചെന്നൈ - 044- 25330952, 044-25330953, 044-25354771.