മണിപ്പൂർ കലാപം: 10 ലക്ഷവും ജോലിയും, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു
Tuesday, May 30, 2023 10:46 PM IST
ഇംഫാൽ: മണിപ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. വംശീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ചു.
10 ലക്ഷം രൂപയും കുടുംബത്തിലെ ഒരു വ്യക്തിക്ക് സർക്കാർ ജോലിയുമാണ് വാഗ്ദാനം. നഷ്ടപരിഹാര തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും. തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമുണ്ടായത്.
കലാപ ബാധിത പ്രദേശങ്ങളിൽ ടെലിഫോൺ ബന്ധം പുനസ്ഥാപിക്കാനും തീരുമാനമായി. പെട്രോൾ, പാചകവാതകം, അരി, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
മാർച്ച് മുന്നിനു നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവർഗ പദവി ആവശ്യപ്പെട്ട് മേയ്തേയ് വിഭാഗമാണ് മാർച്ച് നടത്തിയത്. ഇതിനെ കുക്കികൾ എതിർക്കുന്നതാണ് സംഘർഷത്തിന് കാരണം.