മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റല്‍; ലോകായുക്ത വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
Monday, May 29, 2023 12:52 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ ലോകായുക്ത വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് എസ്.വി.ഭട്ടി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആര്.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ ലോകായുക്തയുടെ പരിഗണനയിലുള്ള കേസില്‍ തത്ക്കാലത്തേയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ ലോകായുക്ത തന്നെ തീരുമാനമെടുക്കട്ടെ എന്ന് കോടതി നിലപാടെടുത്തു. ഹര്‍ജി അടുത്ത മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റി. ജൂണ്‍ ആറിനാണ് കേസ് ലോകായുക്തയുടെ വിശാലബെഞ്ച് പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങള്‍ക്കുമെതിരെയാണ് ശശികുമാര്‍ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തവരില്‍ നിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലോകായുക്ത വിധി പറഞ്ഞത്. ലോകായുക്ത രണ്ടംഗബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിട്ടു. ഇതോടെ ശശികുമാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.