സിൽവർ ലൈൻ: പുനർവിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
Sunday, May 28, 2023 10:22 PM IST
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റെന്ന് പരിഷത്ത് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സിൽവർ ലൈൻ കടന്നുപോകുന്ന 4,033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിപിആർ അപൂർണമെന്നും പരിഷത്ത് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു.
കെ- റെയില്‍പോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. അപൂര്‍ണമായ ഡിപിആർ തന്നെയാണ് വലിയ ന്യൂനത.
ലൈനിന്റെ ഇരുവശവും 100 മീറ്റര്‍ സോണില്‍ 12.58 ഹെക്ടര്‍ സ്വാഭാവിക വൃക്ഷലതാദികള്‍, 54.91 ഹെക്ടര്‍ കണ്ടല്‍വനങ്ങള്‍, 208.84 ഹെക്ടര്‍ കൃഷിയുള്ള നെല്‍പ്പാടങ്ങള്‍, 18.40 ഹെക്ടര്‍ കായല്‍പ്രദേശം, 1172.39 ഹെക്ടര്‍ കുളങ്ങളും ചിറകളും, 24.59 ഹെക്ടര്‍ കാവുകള്‍ എന്നിവ ഇല്ലാതാവും. 1500 ഹെക്ടര്‍ സസ്യസമ്പുഷ്ടമായ പ്രദേശങ്ങളാണ് ആകെ നഷ്ടമാവുക.
1131 ഹെക്ടര്‍ നെല്‍പ്പാടങ്ങളടക്കം 3532 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവും. 202.96 കിലോമീറ്റര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെയുള്ള 535 കിലോമീറ്ററില്‍ 292.73 കിലോമീറ്ററും രണ്ടുമീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍വരെ പൊക്കമുള്ള എംബാങ്ക്മെന്റാണ് നിര്‍ദേശിച്ചിരിക്കുന്നത്.
55 ശതമാനത്തോളം എംബാങ്ക്മെന്റാണ്. മഴക്കാലത്ത് പാതയുടെ കിഴക്കുഭാഗങ്ങള് വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. പാതയ്ക്കുമാത്രമായി 7500-ഓളം വീടുകളും 33 ഫ്ളാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും പൂര്‍ണമായും ഇല്ലാതാകും. 6,54,675 ചതുരശ്രമീറ്റര്‍ അളവില്‍ വാസമേഖലകള്‍ ഇല്ലാതാകും.
പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിപിആറില്‍ പറയുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.