കര്‍ണാടക നിയമസഭയെ നയിക്കാന്‍ മലയാളി; യു.ടി.ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാകും
Tuesday, May 23, 2023 10:01 AM IST
ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കര്‍ പദവിയിലേയ്ക്ക് മലയാളിയായ യു.ടി.ഖാദറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. മംഗളൂരു മണ്ഡലം എംഎല്‍എ ആണ് ഖാദര്‍. രാവിലെ പത്തിന് ശേഷം അദ്ദേഹം പത്രിക സമര്‍പ്പിക്കും.
നേരെത്തെ ടി.ബി ജയചന്ദ്ര, എച്ച്.കെ.പാട്ടീല്‍ എന്നിവരെയാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് കെ.സി.വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജെവാലയും ഖാദറുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സ്ഥാനാര്‍ഥിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും.
കര്‍ണാടകയില്‍ നിന്നുള്ള ആദ്യ മുസ്ലിം സ്പീക്കറാവും ഖാദര്‍. രണ്ടു തവണ ഉള്ളാള്‍ മണ്ഡലം എംഎല്‍എയായിരുന്ന യു.ടി.ഫരീദ് നിര്യാതനായതിനെത്തുടര്‍ന്ന് 2007ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകന് ഖാദര്‍ ആദ്യമായി എംഎല്‍എയായത്.
പിന്നീട് മംഗളുരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച ഖാദര്‍ നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.